Wednesday, December 15, 2010

ഗൂഗിള്‍ മാപ്സ്

ഗൂഗിള്‍ മാപ്സ് ഇത്ര വലിയ ഒരു സംഭവം ആണെന്നും അത് കൊണ്ട് കൊറേ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് എനിക്കിപ്പോഴാ മനസിലായത്..
അതിനു നിതാന്തമായതോ നമ്മുടെ വിനോദിന്‍റെ വഴിപ്രശ്നം. വിനോദ് ആണേല്‍ ഒരു ചെറിയ പ്രസ്ഥാനം തന്നെ ആണ്.

പുള്ളിയുടെ പറമ്പില്‍ കൂടെ അയല്‍കാര്‍ വഴി നടക്കാന്‍ തുടങ്ങിയത്രേ!
പുള്ളിയുടെ ഭാഷയില്‍  പറഞ്ഞാല്‍
"അയ്‌..തോന്ന്യാസം.. അല്ലാതെ  എന്തൂട്ടാ..പറയാ..
അപ്പറത്ത്......വേറെ വഴീള്ളപ്പാ.... മ്മടെ മുറ്റത്തൂടെ നടക്കണ്ട കാര്യല്ലില്ലാ... "

നേരാണ്... സ്വാഭാവികമായും നമ്മുടെ നായകനും വീട്ടുകാരും  വേലികെട്ടി വഴിയടച്ചു.. പിന്നെ ഒരു ഗേറ്റ്ഉം വച്ചു..

ഒരു ദിവസം വൈകുന്നേരം റൂമില്‍ എത്തുമ്പോള്‍ പുള്ളി ഒരേ ബഹളം..ജെറിന്‍നോടാണ്..
അദേഹത്തിന്റെ ആത്മീയഗുരു സ്ഥാനം  ഏറ്റെടുത്ത് ജെറിന്‍ പതിവ് സ്റ്റൈലില്‍ കസേരയില്‍ ചമ്മ്രം പിടിച്ചു ഇരിപ്പുണ്ട്('അയ്യപ്പന്‍ പോസ്'  തന്നെ ;) ).
അരവിയാണേല്‍ 'കാസര്‍കോട്കാര്‍ക്ക്  എന്താ ഈ  വഴിയില്‍ കാര്യം' എന്ന മട്ടില്‍  ലാപ്ടോപിന്റെ വാല് ചെവിയില്‍ തിരുകി വച്ചോണ്ട് ഇരിക്കുന്നു..

 ഞാന്‍ : "എന്ത് പറ്റി വിനോദെ.." 
വിനോദ്: "നമ്മടെ ഗേറ്റ്ണ്ട് ലാ... ആ... കന്നാലീള്.... മുറിച്ചിട്ടു...."

ഞാന്‍: "ആണോ .. അതു ശരി.. എന്നിട്ട്... "

"എന്നിട്ടെന്താ... മ്മള് പോലീസീ കംബ്ലൈന്റ്റ് കൊടുത്തില്ല്യേ...
എന്നട്ടാ ഗേറ്റങ്ങട് പിന്ന്യേം പിടിപ്പിച്ച്..."
"ഇന്യവന്മാര് അതീ തൊട്ടാണ്ട്ണ്ടല്ലാ.. വിവര്റിയും..."

ഈ വേലി ചര്‍ച്ച തുടങ്ങീട്ടു കാലം കുറച്ചായി..
ഇനി നിന്നാല്‍ ബുദ്ധിമുട്ടാവും  എന്ന് മനസിലായപ്പോള്‍  ഞാന്‍ പയ്യെ വലിഞ്ഞു..
പക്ഷെ ജെറിന്‍... നാട്ടാമ സ്റ്റൈലില്‍ പുള്ളിയെ ഉപദേശിക്കാന്‍ തുടങ്ങി.
എന്താന്നറിയില്ല... അങ്ങേര്‍ക്കു ഇപ്പൊ അതൊരു ആവേശമായി മാറീട്ടുണ്ട്..
കുറെ കഴിഞ്ഞപ്പോള്‍ നാട്ടാമ എന്തോ തീര്‍പ്പും കല്പിച്ചു പോയി കിടന്നുറങ്ങി.

 -----------------------------------------------

"ജെറിനെ.... അത് പോയി.... "
പിറ്റേദിവസം രാവിലെ ഈ ഒച്ചപ്പാട് കേട്ടുകൊണ്ടായിരുന്നു ഞാന്‍ കണ്ണുതുറന്നത്.
ജെറിന്‍ :  "എന്ത് പോയി??"
വിനോദ്: "ഗേറ്റ് ..പുത്യത് വച്ചതും അവന്മാര് മുറിച്ചോണ്ട് പോയി.."


(എന്താ പറയാ... ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയില്‍ ആയി ജെറിന്‍...
ഞാന്‍ മെല്ലെ പുതപ്പു തല വഴി മൂടി.. )
 -----------------------------------------------

വൈകുന്നേരം കയറിവന്നപാടെ അരവിയോട് വിനോദ്
 "അരവീ... നീ മറ്റേ ഗൂഗിള്‍ മാപ്പിന്‍റെ പ്രൊജക്റ്റ്‌ ചെയ്തതല്ലേ.. അതെങ്ങിന്യാ.. ഫ്രീ ആണാ? " 

അരവി : "അതെ. എന്താ നിങ്ങള്‍ടെ പ്രോജെക്ടില്‍ ചെയ്യാന്‍ പറഞ്ഞോ.."

കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം "അല്ലാ... എനിക്കൊരൂട്ടം ചെയ്യാനാ.."

"ഓ അത് ശരി.." അവന്‍ തിരിഞ്ഞിരുന്നു..
അരവിക്കപ്പോള്‍ പെട്ടെന്ന് എന്തോ ഒരു സംശയം തോന്നി വീണ്ടും ചോദിച്ചു..
"എന്തിനാ  വിനോദ്..കള്ളനെ പിടിക്കാനാണോ??."

" ങ്ഹെ ...ങ്ഹാ.. "

അരവി: "എന്‍റെ മനുഷ്യാ..അതില്‍ കൊറേ കേട്ടിടോം കാടും ഒക്കെയേ കാണാന്‍ പറ്റൂ..
അല്ലാതെ ആളെ ഒന്നും കാണില്ല.."

വിനോദ്: "ഏയ്‌... അതൊന്നും അല്ലാ ...
ഞാനീ സിനിമേല് ഒക്കെ കണ്ടിട്ടുണ്ടല്ലാ...ആള്‍ക്കാര് ഓടുന്നത്.. ഒക്കെ ഇത് വഴി കണ്ടുപിടിക്കണത്. എങ്ങന്യേലും എനിക്കും അത് പോലെ ഒന്ന് ഉണ്ടാക്കണം..    "

അരവി വണ്ടര്‍ അടിച്ചു പോയി..
"നിങ്ങള്‍ ഇതിനി ആരോടും പറയാന്‍ നില്ക്കണ്ടാ.. നിങ്ങള്‍ക്കിത്രേം വിവരമുണ്ടെന്നു മുതലാളി എങ്ങാനും അറിഞ്ഞാല്‍ നിങ്ങളെ പിടിച്ചു കമ്പനീന്ന് പുറത്താക്കും.. കൂടെ താമസിക്കുന്നതിനു ഞങ്ങളേം.. "

"പിന്നെ ബില്‍ ഗേറ്റ്സും അറിയണ്ട ... അവര്‍ എങ്ങാനും അറിഞ്ഞാല്‍ ചെലപ്പോ അവര് നിങ്ങളെ പിടിച്ചു സിഇഓ ആക്കും..
എങ്ങനെ ഗൂഗിളിനെ തോല്‍പിക്കാം എന്നാലോചിച്ചു വിഷമിക്കുവാ അവര്.."


കഥയും കഥാപാത്രങ്ങളും സാങ്കല്പികം..

3 comments:

  1. "കഥയും കഥാപാത്രങ്ങളും സാങ്കല്പികം..."

    സത്യം സത്യം, പക്ഷെ ഇതുപോലെ പറയുന്ന ഒരാളെ എനിക്കറിയാമായിരുന്നു, പേര് പറയില്ല വേണമെങ്കില്‍ തുപ്പി കാണിക്കാം.

    ReplyDelete
  2. ഓടി രക്ഷപെട്ടാലും വിടില്ല അല്ലെ...

    ReplyDelete
  3. വിടില്ലെടാ.. വിടില്ല..
    ഓടിപ്പോയ ഒരുത്തനേം വെറുതെ വിടില്ലാ.....

    ReplyDelete